ദൈവിക രക്ഷാപ്രവര്‍ത്തനം
ഉത്കണ്ഠാകുലനായ ഒരു പൗരനില്‍ നിന്നു ടെലിഫോണിലൂടെ ഒരു അടിയന്തിര സന്ദേശം ലഭിച്ച ഒരു പോലീസ് ഉദ്യോഗസ്ഥന്‍, റെയില്‍വേ ട്രാക്കുകള്‍ക്കരികിലൂടെ തന്റെ ടോര്‍ച്ചും തെളിച്ചുകൊണ്ട്, അന്വേഷണം ആരംഭിച്ചു. ഇരുമ്പു പാളത്തിനുസമീപം ഒരു വാഹനം നിര്‍ത്തിയിട്ടിരിക്കുന്നതദ്ദേഹം കണ്ടു. ദൂരെനിന്നു ട്രെയിന്‍ വാഹനത്തിനടുത്തേക്കു പാഞ്ഞുവരുന്നത് സമീപത്തുള്ള ഒരു ക്യാമറ പകര്‍ത്തി. 'ആ ട്രെയിന്‍ അതിവേഗത്തില്‍ വരികയായിരുന്നു,' ഉദ്യോഗസ്ഥന്‍ പറഞ്ഞു, 'മണിക്കൂറില്‍ അമ്പതു മുതല്‍ എണ്‍പതു വരെ മൈല്‍ വേഗതയില്‍.' ആലോചിച്ചു നില്‍ക്കാതെ, ക്ഷണനേരത്തിനുള്ളില്‍, കാറിനുള്ളില്‍ അബോധാവസ്ഥയില്‍ കിടന്ന ഒരാളെ അദ്ദേഹം കാറില്‍ നിന്നു വലിച്ചിറക്കി. അടുത്തനിമിഷം ട്രെയിന്‍ കാറിനെ തട്ടിത്തെറിപ്പിച്ചു.
തിരുവെഴുത്തു ദൈവത്തെ രക്ഷിക്കുന്നവനായി വെളിപ്പെടുത്തുന്നു - പ്രത്യേകിച്ച്, എല്ലാം നഷ്ടപ്പെട്ടുവെന്നു തോന്നുമ്പോള്‍. മിസ്രയീമില്‍ കുടുങ്ങി, കഠിനമായ അടിച്ചമര്‍ത്തലില്‍ തളര്‍ന്നുപോയ യിസ്രായേല്യര്‍, രക്ഷപ്പെടാനിനി സാധ്യതയില്ലെന്നു കരുതി. എന്നിരുന്നാലും, പുറപ്പാടുപുസ്തകത്തില്‍, ദൈവം അവര്‍ക്കു പ്രത്യാശയുടെ വാക്കുകള്‍ വാഗ്ദത്തം ചെയ്യുന്നു: 'മിസ്രയീമിലുള്ള എന്റെ ജനത്തിന്റെ കഷ്ടത ഞാന്‍ കണ്ടു, കണ്ടു' ദൈവം പറഞ്ഞു. 'ഊഴിയവിചാരകന്മാര്‍ നിമിത്തമുള്ള അവരുടെ നിലവിളിയും കേട്ടു; ഞാന്‍ അവരുടെ സങ്കടങ്ങള്‍ അറിയുന്നു' (3:7). ദൈവം കാണുക മാത്രമല്ല - പ്രവര്‍ത്തിക്കുകയും ചെയ്തു. 'അവരെ ... വിടുവിക്കുവാനും ... ഞാന്‍ ഇറങ്ങിവന്നിരിക്കുന്നു' (വാ. 8). ദൈവം യിസ്രായേലിനെ അടിമത്തത്തില്‍ നിന്നു പുറപ്പെടുവിച്ചു. ഇതൊരു ദൈവികമായ രക്ഷാപ്രവര്‍ത്തനമായിരുന്നു.
ദൈവം യിസ്രായേലിനെ രക്ഷിച്ചത്, ദൈവത്തിന്റെ ഹൃദയത്തെയും അവിടുത്തെ ശക്തിയെയും വെളിപ്പെടുത്തുന്നു. രക്ഷിക്കാന്‍ ദൈവം വന്നില്ലെങ്കില്‍ നാശത്തിലേക്കു പോകുമായിരുന്നവരെ അവിടുന്നു സഹായിക്കുന്നു. നമ്മുടെ സാഹചര്യം ഭയാനകമോ അസാധ്യമോ ആയിരുന്നാലും, നമുക്കു കണ്ണും ഹൃദയവും ഉയര്‍ത്തി രക്ഷിക്കാന്‍ ഇഷ്ടപ്പെടുന്നവനെ കാത്തിരിക്കാം.
ബുദ്ധിമാനായ വീടു പണിക്കാരന്‍
ഇസബെല്ലാ ബാംഫ്രീ എന്ന ജനന നാമമുള്ള സൊജേനര്‍ ട്രൂത്ത്, ഒരു അടിമയായി 1797 ല്‍ ന്യൂയോര്‍ക്കില്‍ ജനിച്ചു. അവളുടെ മക്കളില്‍ മിക്കവരെയും അടിമകളായി വിറ്റെങ്കിലും, 1826 ല്‍ ഒരു മകളോടൊപ്പം അവള്‍ സ്വാതന്ത്ര്യത്തിലേക്കു രക്ഷപ്പെട്ടു. അവളുടെ സ്വാതന്ത്ര്യത്തിനായി പണം നല്‍കിയ ഒരു കുടുംബത്തോടൊപ്പം അവള്‍ താമസിച്ചു. തന്റെ കുടുംബത്തെ അകറ്റി നിര്‍ത്താന്‍ അന്യായമായ ഒരു സംവിധാനത്തെ അനുവദിക്കുന്നതിനുപകരം, തന്റെ ചെറിയ മകന്‍ പീറ്ററിനെ വീണ്ടെടുക്കാന്‍ അവള്‍ നിയമനടപടി ആരംഭിച്ചു. ആ കാലത്ത്് ഒരു ആഫ്രിക്കന്‍-അമേരിക്കന്‍ വനിതയെ സംബന്ധിച്ച് ഇത് ഒരു അതിശയകരമായ നേട്ടമായിരുന്നു. ദൈവത്തിന്റെ സഹായമില്ലാതെ തനിക്കു മക്കളെ വളര്‍ത്താന്‍ കഴിയില്ലെന്നു മനസ്സിലാക്കിയ അവള്‍, ഒരു ക്രിസ്തു വിശ്വാസിയായിത്തീരുകയും തന്റെ പേര് സൊജേനര്‍ ട്രൂത്ത് എന്നു മാറ്റുകയും ചെയ്തു. ദൈവിക സത്യത്തിന്മേലാണു തന്റെ ജീവിതം അടിസ്ഥാനപ്പെട്ടിരിക്കുന്നത് എന്നു കാണിക്കുന്നതിനായിരുന്നു ഈ പേരുമാറ്റം.
സദൃശവാക്യങ്ങള്‍ 14 ന്റെ എഴുത്തുകാരനായ ശലോമോന്‍ രാജാവു പ്രഖ്യാപിക്കുന്നു, 'സ്ത്രീകളില്‍ ജ്ഞാനമുള്ളവള്‍ തന്റെ വീടു പണിയുന്നു'' (വാ. 1). നേരെമറിച്ച്, വിവേകമില്ലാത്തവള്‍ തന്റെ വീടു സ്വന്തകൈകളാല്‍ ''പൊളിച്ചുകളയുന്നു.'' കേള്‍ക്കാന്‍ മനസ്സുവയ്ക്കുന്നവര്‍ക്കു ദൈവം നല്‍കുന്ന ജ്ഞാനത്തെ ഈ വീടുപണിയുടെ സാദൃശ്യം വെളിപ്പെടുത്തുന്നു. ഒരുവന്‍ എങ്ങനെയാണ് ജ്ഞാനത്തോടെ വീടു പണിയുന്നത്? 'കേള്‍ക്കുന്നവര്‍ക്കു കൃപ ലഭിക്കേണ്ടതിന് ആവശ്യംപോലെ ആത്മികവര്‍ദ്ധനയ്ക്കായി നല്ല വാക്കുകള്‍''
പറയുന്നതിലൂടെ (എഫെസ്യര്‍ 4:29; 1 തെസ്സലൊനീക്യര്‍ 5:11 കൂടി കാണുക). ഒരുവന്‍ എങ്ങനെയാണ് പൊളിച്ചുകളയുന്നത്? സദൃശവാക്യങ്ങള്‍ 14 ഉത്തരം നല്‍കുന്നു: 'ഭോഷന്റെ വായില്‍ ഡംഭത്തിന്റെ വടിയുണ്ട്'' (വാ. 3).
പ്രക്ഷുബ്ധമായ സമയത്ത് സൊജേനറിന് ഒരു ഉറപ്പുള്ള 'ശരണം'' ഉണ്ടായിരുന്നു (വാ. 26), അതവള്‍ക്കു നല്‍കിയത് ദൈവികജ്ഞാനമാണ്. നിങ്ങള്‍ക്കൊരിക്കലും നിങ്ങളുടെ മക്കളെ അനീതിയില്‍ നിന്ന് രക്ഷിക്കേണ്ടിവരില്ലായിരിക്കാം. എന്നാല്‍ സൊജേനര്‍ ചെയ്തതുപോലെ അതേ അടിസ്ഥാനത്തില്‍ - ദൈവത്തിന്റെ ജ്ഞാനം - നിങ്ങള്‍ക്കു നിങ്ങളുടെ ഭവനം പണിയുവാന്‍ കഴിയും.
നമ്മുടെ യഥാര്‍ത്ഥ സ്വത്വം
എന്റെ മാതാപിതാക്കളുടെ പഴയ ഫോട്ടോ ആല്‍ബത്തിനുള്ളില്‍ ഒരു കൊച്ചുകുട്ടിയുടെ ചിത്രമുണ്ട്. അവനു വൃത്താകൃതിയിലുള്ള മുഖവും നുണക്കുഴിയും നേരെയുള്ള മുടിയുമാണുള്ളത്. അവനു കാര്‍ട്ടൂണുകള്‍ ഇഷ്ടമാണ്, ചില പഴങ്ങള്‍ വെറുപ്പാണ്, വിചിത്രമായ സംഗീതം ഇഷ്ടമാണ്. ആ ആല്‍ബത്തിനുള്ളില്‍ ഒരു കൗമാരക്കാരന്റെ ചിത്രമുണ്ട്. അവന്റെ മുഖം വൃത്താകൃതിയല്ല, നീണ്ടതാണ്; അവന്റെ തലമുടി ചുരുണ്ടതാണ്, നേരെയുള്ളതല്ല. അവനു നുണക്കുഴി ഇല്ല, ചില പഴങ്ങള്‍ ഇഷ്ടമാണ്, കാര്‍ട്ടൂണുകളേക്കാള്‍ സിനിമ കാണാനിഷ്ടപ്പെടുന്നു, ചിലതരം സംഗീതം ഇഷ്ടപ്പെടുന്നതായി ഒരിക്കലും സമ്മതിക്കില്ല! കൊച്ചുകുട്ടിയും കൗമാരക്കാരനും തമ്മില്‍ വലിയ സാമ്യമില്ല. ശാസ്ത്രം അനുസരിച്ച് അവരുടെ ചര്‍മ്മവും പല്ലുകളും രക്തവും അസ്ഥികളും തമ്മില്‍ വ്യത്യാസമുണ്ട്. എന്നാല്‍ അതു രണ്ടും ഞാനാണ്. ഈ വൈരുദ്ധ്യം തത്വചിന്തകരെ അമ്പരപ്പിച്ചിട്ടുണ്ട്. ജീവിതത്തിലുടനീളം നാം മാറിക്കൊണ്ടിരിക്കുന്നതിനാല്‍, ആരാണ് യഥാര്‍ത്ഥ നമ്മള്‍?
തിരുവെഴുത്ത് ഉത്തരം നല്‍കുന്നു. ദൈവം നമ്മെ ഗര്‍ഭപാത്രത്തില്‍ മെനയാന്‍ തുടങ്ങിയ നിമിഷം മുതല്‍ (സങ്കീര്‍ത്തനം 139:13-14), നമ്മുടെ അതുല്യമായ രൂപകല്പനയിലേക്കു നാം വളരുകയാണ്. ഒടുവില്‍ നാം എന്തായിത്തീരുമെന്നു നമുക്കു സങ്കല്പിക്കാന്‍ കഴിയുകയില്ലെങ്കിലും, നാം ദൈവമക്കളാണെങ്കില്‍, ആത്യന്തികമായി നാം യേശുവിനെപ്പോലെയായിത്തീരുമെന്നു നമുക്കറിയാം (1 യോഹന്നാന്‍ 3:2). അതായത്, നമ്മുടെ ശരീരം അവന്റെ പ്രകൃതത്തോടും നമ്മുടെ സ്വത്വം അവന്റെ സ്വഭാവത്തോടും അനുരൂപമായി മാറുകയും നമ്മുടെ എല്ലാ കഴിവുകളും തിളങ്ങുകയും നമ്മുടെ എല്ലാ പാപങ്ങളും ഇല്ലാതാകുകയും ചെയ്യും.
യേശു മടങ്ങിവരുന്ന ദിവസം വരെ, ഈ ഭാവി സ്വത്വത്തിലേക്കു നാം ആകര്‍ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അവന്റെ പ്രവൃത്തിയിലൂടെ, പടിപടിയായി, നമുക്ക് അവന്റെ സാദൃശ്യത്തെ കൂടുതല്‍ വ്യക്തമായി പ്രതിഫലിപ്പിക്കാന്‍ കഴിയും (2 കൊരിന്ത്യര്‍ 3:18). നാം ആരായിത്തീരുമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല, എന്നാല്‍ നാം യേശുവിനെപ്പോലെയാകുമ്പോള്‍ നാം നമ്മുടെ യഥാര്‍ത്ഥ സ്വത്വത്തിനുടമകളായിത്തീരുന്നു.
പ്രത്യാശയോടെ കാത്തിരിക്കുക
ഞങ്ങളുടെ വാരാന്ത്യ അവധിക്കാലത്ത്, റോജലിയോ ഞങ്ങളുടെ വെയ്റ്ററായി സേവനമനുഷ്ഠിച്ചു. ഒരു സംഭാഷണമധ്യേ, ശക്തമായ വിശ്വാസവും അനുകമ്പയുമുള്ള തന്റെ ഭാര്യ കാലിയെ തനിക്കു തന്നനുഗ്രഹിച്ചത് യേശുവാണെന്ന് അദ്ദേഹം പറഞ്ഞു. അവരുടെ ആദ്യത്തെ കുഞ്ഞു ജനിച്ചതിനുശേഷം, ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച അവരുടെ സഹോദരീപുത്രിയെ പരിപാലിക്കാനുള്ള അവസരം ദൈവം അവര്‍ക്കു നല്‍കി. താമസിയാതെ, റോജലിയോയുടെ ഭാര്യാമാതാവിനും സംരക്ഷണവും പരിചരണവും ആവശ്യമായി വന്നു.
റോജലിയോ സന്തോഷത്തോടെ ജോലി ചെയ്യുന്നു. ദൈവം അവരെ ഏല്‍പ്പിച്ച ആളുകളെ പരിചരിക്കുന്നതിനു ഭാര്യയെ സഹായിക്കുന്നതിനായി അദ്ദേഹം പലപ്പോഴും ഇരട്ട ഷിഫ്റ്റുകള്‍ ചെയ്യുന്നു. തങ്ങളുടെ കുടുംബാംഗങ്ങളെ ശുശ്രൂഷിക്കുന്നതിനായി അവരുടെ ഹൃദയവും വീടും തുറന്നുകൊടുത്ത ആ ദമ്പതികളുടെ മാര്‍ഗ്ഗം എന്നെ കൂടുതല്‍ സ്‌നേഹിക്കാന്‍ പ്രേരിപ്പിച്ചു എന്നു ഞാന്‍ പറഞ്ഞപ്പോള്‍ റോജലിയോ പറഞ്ഞു, 'അവരെ - താങ്കളെയും - ശുശ്രൂഷിക്കുന്നത് എന്റെ സന്തോഷമാണ്.''
നാം അന്യോന്യം നിസ്വാര്‍ത്ഥമായി ശുശ്രൂഷിക്കുമ്പോള്‍, ഔദാര്യത്തോടെയും ആവശ്യങ്ങള്‍ക്കായി ദൈവത്തിലാശ്രയിച്ചും ജീവിക്കുന്നതിന്റെ ശക്തി റോജലിയോയുടെ ജീവിതം ഉറപ്പിക്കുന്നു. 'ആശയില്‍ സന്തോഷിക്കുവിന്‍; കഷ്ടതയില്‍ സഹിഷ്ണുത കാണിക്കുവിന്‍; പ്രാര്‍ത്ഥനയില്‍ ഉറ്റിരിക്കുവിന്‍; വിശുദ്ധന്മാരുടെ ആവശ്യങ്ങളില്‍ കൂട്ടായ്മ കാണിക്കുകയും അതിഥിസല്ക്കാരം ആചരിക്കുകയും ചെയ്യുവിന്‍'' (റോമര്‍ 12:10-13) എന്ന് അപ്പൊസ്തലനായ പൗലൊസ് ദൈവജനത്തെ ആഹ്വാനം ചെയ്യുന്നു.
അസഹനീയമായ സാഹചര്യങ്ങളിലേക്കു നമ്മെയോ നമ്മുടെ പ്രിയപ്പെട്ടവരെയോ തള്ളിയിട്ടുകൊണ്ട്, നമ്മുടെ ജീവിതത്തിനു ക്ഷണനേരംകൊണ്ടു മാറ്റം സംഭവിച്ചേക്കാം. എന്നാല്‍ നാം ദൈവത്തെ കാത്തിരിക്കുമ്പോള്‍, ദൈവം നമുക്കു നല്‍കിയതെല്ലാം പങ്കുവെയ്ക്കാന്‍ നാം തയ്യാറായാല്‍, നമുക്കൊരുമിച്ച് അവിടുത്തെ നിലനില്‍ക്കുന്ന സ്‌നേഹത്തെ മുറുകെപ്പിടിക്കാന്‍ കഴിയും.
സമ്പൂര്‍ണ്ണ നീതി
1983 ല്‍ ഒരു പതിനാലുകാരനെ കൊലപ്പെടുത്തിയ കേസില്‍ മൂന്നു കൗമാരക്കാരെ അറസ്റ്റു ചെയ്തു. വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ''അവന്റെ അത്‌ലറ്റിക് ജാക്കറ്റിന്റെ പേരിലാണ് അവനു വെടിയേറ്റത്.'' ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട മൂന്നുപേരും മുപ്പത്തിയാറു വര്‍ഷം തടവു ശിക്ഷ പൂര്‍ത്തിയാക്കിക്കഴിഞ്ഞപ്പോഴാണ്, അവര്‍ നിരപരാധികളാണെന്നതിന്റെ തെളിവുകള്‍ പുറത്തുവന്നത്. മറ്റൊരാളായിരുന്നു കുറ്റം ചെയ്തത്. ജഡ്ജി അവരെ സ്വതന്ത്രരായി വിട്ടയയ്ക്കുന്നതിനു മുമ്പ് അവരോടു ക്ഷമാപണം നടത്തി.
നാം എത്ര ശ്രമിച്ചാലും (നമ്മുടെ ഉദ്യോഗസ്ഥര്‍ എത്ര നല്ല കാര്യങ്ങള്‍ ചെയ്താലും), മനുഷ്യനീതി പലപ്പോഴും തെറ്റിപ്പോകാറുണ്ട്്. നമുക്ക് ഒരിക്കലും എല്ലാ വിവരങ്ങളും ലഭ്യമല്ല. ചിലപ്പോള്‍ സത്യസന്ധരല്ലാത്ത ആളുകള്‍ വസ്തുതകളെ വളച്ചൊടിക്കുന്നു. ചിലപ്പോള്‍ നാം തന്നെ തെറ്റിപ്പോകുന്നു. പലപ്പോഴും, തിന്മകള്‍ ശരിയാകുവാന്‍ വര്‍ഷങ്ങളെടുക്കും, ചിലപ്പോള്‍ നമ്മുടെ ജീവിതകാലത്തു തന്നെ അതു സംഭവിക്കണമെന്നില്ല. ചഞ്ചലരായ മനുഷ്യരില്‍ നിന്ന് വ്യത്യസ്തമായി, ദൈവം സമ്പൂര്‍ണ്ണ നീതി നടപ്പാക്കുന്നു. 'അവന്റെ പ്രവൃത്തി അത്യുത്തമം. അവന്റെ വഴികള്‍ ഒക്കെയും ന്യായം'' (ആവര്‍ത്തനം 32:4) എന്നു മോശെ പറയുന്നു. ദൈവം കാര്യങ്ങളെ ഉള്ളതുപോലെ തന്നേ കാണുന്നു. നാം കാര്യങ്ങളെ ഏറ്റവും മോശമായി ചെയ്തുകഴിയുമ്പോള്‍, ദൈവം തന്റെ സമയത്ത് അന്തിമവും ആത്യന്തികവുമായ നീതി ലഭ്യമാക്കും. സമയത്തെക്കുറിച്ച് അനിശ്ചിതത്വമുണ്ടെങ്കിലും, 'വിശ്വസ്തതയുള്ള ... വ്യാജമില്ലാത്തവനായ, നീതിയും നേരുമുള്ള'' (വാ. 4) ദൈവത്തെ സേവിക്കുന്നതിനാല്‍ നമുക്ക് ഈ ഉറപ്പുണ്ട്.
എന്താണു ശരി, എന്താണു തെറ്റ് എന്നതിനെക്കുറിച്ചുള്ള അനിശ്ചിതത്വത്തില്‍ നാം ചാഞ്ചാടിയേക്കാം. നമ്മോടോ നമ്മുടെ പ്രിയപ്പെട്ടവരോടോ ചെയ്ത അനീതി ഒരിക്കലും പരിഹരിക്കപ്പെടുകയില്ലെന്നു നാം ഭയപ്പെട്ടേക്കാം. എന്നാല്‍ നീതിമാനായ ദൈവം, ഈ ജീവിതത്തിലോ അടുത്തതിലോ, നമുക്കു നീതി നടത്തിത്തരുമെന്നു നമുക്കു ദൈവത്തില്‍ ആശ്രയിക്കാം.